Saturday, September 15, 2012

വീര്‍ത്ത് വീര്‍ത്ത് വീര്‍ത്ത്...ഠോ....!!!


വീര്‍ത്ത് പെരുത്ത് പോരുകാളയോളം വളരാന്‍ അഗ്രഹിച്ച ഒരു കൊച്ചു പേക്കാച്ചി തവള. വീര്‍ത്ത് വീര്‍ത്ത് ആ അഹങ്കാരി തവിടുപൊടിയായി.
ഒരു ദിവസംകൊണ്ട് ഓടിത്തീര്‍ക്കുന്ന ഭൂമി മുഴുവന്‍ സ്വന്തമായിത്തരാമെന്ന രാജാവിന്‍റെ വാഗ്ദാനത്തിന് പുറത്ത് ഒരാള്‍ ഓട്ടം തുടങ്ങി. വൈകിട്ട് ഒരു കടല്‍ക്കരയില്‍ ചത്തലച്ചു.
ആമയേക്കാള്‍ കേമനാണെന്ന ആത്മവിശ്വാസത്തില്‍ ഉറങ്ങാന്‍ കിടന്ന് തോറ്റമ്പിയ മുയല്‍....
അണ്ണാന്‍ വാ പൊളിച്ചാല്‍ ആനയോളം വരുമോ എന്ന ചൊല്ല്......

ഒരുവന്‍ സ്വന്തം നിലയറിഞ്ഞ് ചുരുങ്ങിയ ആഗ്രഹങ്ങളോടെ ജീവിക്കണമെന്ന് ഉപദേശിച്ചുതരാന്‍ എന്തുമാത്രം കഥകളും ചൊല്ലുകളുമാണ് നമുക്ക്. പക്ഷെ പോരാടി ജയിക്കേണ്ട ജീവിതം ഇത്തരം നേഴ്സിറി കഥകളുടെ നല്ല ഉപദേശങ്ങള്‍ക്ക്  വഴങ്ങിത്തരുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരം തന്നെ.

പരസ്പരം മത്സരിക്കുക, അവനെപ്പോലെയും അവളെപ്പോലയും വലിയ ആളാവുക എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച് ജീവിതം ഒരു പോര്‍ക്കളമാക്കിക്കളഞ്ഞു നമ്മള്‍.. അദ്യം സ്വയം   അതിര്‍ത്തികള്‍ നിശ്ചയിക്കും. പിന്നെ ഊരുകാവലാണ്. ആരേയും അതിനുള്ളിലേക്ക് കടത്തിവിടില്ല. പിന്നെ പോരാട്ടം. നിലനില്പ്പിനെന്നൊക്കെ പറയും. എല്ലാം വെറുതെയാണ്. ചുരുക്കത്തില്‍ രാജ്യാതിര്‍ത്തികളും അത് കാക്കാനുള്ള കിണഞ്ഞ ശ്രമങ്ങളും അധിനിവേശങ്ങളും യുദ്ധങ്ങളുമെല്ലാം നമ്മളില്‍ ഓരോരുത്തരിലുമുണ്ട്. ഒരു വര വരച്ച് അത് നിന്‍റേത് ഇത് എന്‍റേത് എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ തുടങ്ങിയ പ്രശ്നങ്ങളാണ്. പണം കൊണ്ട് നാമതിനെ ന്യായീകരിക്കുകയും നിയമങ്ങള്‍കൊണ്ട് വിശുദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടും ആ വരകളൊക്കെ മുറിച്ചുകടക്കുന്ന ചിലരുണ്ട്. മുതിര്‍ന്നവര്‍ വരച്ചുവച്ച് വരകളും പണിതുയര്‍ത്തിയ ഭിത്തികളും ഗൗനിക്കാതെ അപ്പുറത്തെ വീട്ടിലെ കൂട്ടുകാരനെ പന്തു കളിക്കാന്‍ വിളിക്കുന്ന ആ നാല് വയസുകാരനാണത്. 'ഈ മതിലിന് മുകളിലൂടെ നീ ആ പന്തടിച്ചു താ!!"

പ്രിമിറ്റീവ് കമ്മ്യൂണിസത്തിന്‍റെ മഹത്തരമായ അവസ്ഥയെ മാര്‍ക്സ് കണ്ടത് ഒരു കൊച്ചു കുഞ്ഞിന്‍റെ കണ്ണിലൂടെയാവണം. അയാള്‍ വിഭാവനം ചെയ്ത കമ്മ്യൂണിസത്തിലാകെ ലോകനിയമങ്ങളൊന്നുമറിയാത്ത ഒരു കുട്ടിയുടെ നിഷ്കളങ്കത തുളുമ്പിനില്‍പ്പുണ്ട്. അപരനെ കണക്കിലെടുക്കാത്ത വകതിരിവില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ലിബറല്‍ ലോജിക്ക് അയാള്‍ക്ക് തീരെ മനസിലായില്ല. എല്ലാരും ഒരുപോലെ എല്ലാര്‍ക്കും ഒരുപോലെ എന്നയാള്‍ ഒരു കുട്ടിയെപ്പോലെ ശാഠ്യം പിടിച്ചു. ശാസിക്കാന്‍ ഭരണകര്‍ത്താക്കളില്ലാതെ തന്നെ ധര്‍മനിഷ്ഠയും സത്യസന്ധവുമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്ന മനുഷ്യരുടെ ആവാസവ്യവസ്ഥയായി സ്വരാജിനെ ഗാന്ധി സ്വപ്നം കണ്ടു. അടിച്ചേല്പ്പിച്ച അച്ചടക്കങ്ങളില്ലാതെ സ്വതന്ത്രമായ കുട്ടികളുടെ ലോകം ഗാന്ധിയുടെ സ്വരാജല്ലാതെ മറ്റെന്താണ്? വീട്ടുവളപ്പിലേക്ക് സകലജന്തുജാലങ്ങളേയും വിളിച്ചുകയറ്റി, എന്‍റെ വീട് എല്ലാവര്‍ക്കുമുള്ളതാണെന്ന് പറഞ്ഞ ബഷീറെന്ന റ്റാറ്റയ്ക്കും കൊച്ചുകുട്ടികളുടെ മനസായിരുന്നു. മഹാന്മാരെല്ലാം അവരുടെ ഉള്ളിന്‍റെ ഉള്ളില്‍ ഒരു നാല് വയസുകാരനെ സൂക്ഷിച്ചിട്ടുണ്ട്. മഹത്തരമെന്ന് നാം വാഴ്ത്തിപ്പാടുന്നതൊക്കെ ആ നാല് വയസുകാരന്‍ പറഞ്ഞ് കാണിച്ച് തരും!! ഈ മതിലിന് മുകളിലൂടെ നീ ആ പന്തടിച്ചു താ!!

കഴിഞ്ഞുപോയ കാലത്തിലും വരാനിരിക്കുന്ന കാലത്തിനുമിടയില്‍ ഒരു കൊച്ചു ജീവിതം. അനന്തപ്രപഞ്ചത്തിലെ ഒരു ഉരുണ്ടഗ്ലോബില്‍ ഒരു പേനകൊണ്ടുപോലും അടയാളപ്പെടുത്താനാകാത്ത ഒരു താമസസ്ഥലം. എണ്ണൂറുകോടി മനുഷ്യര്‍ക്കിടയില്‍ എട്ട് സുഹൃത്തുക്കളും എണ്‍പത് പരിചയക്കാരും. നമ്മുടെ വലിയ ഓട്ടങ്ങളും പരാക്രമങ്ങളും ഇതിന്‍റെ ഒന്നും അതിര്‍ത്തിവിട്ട് പോകുന്നില്ല. അതുകൊണ്ട് പഴയ ആ പേക്കാച്ചിത്തവളയുടെ ഗുണപാഠകഥ ഞാന്‍ വീണ്ടും ഓര്‍ത്തെടുക്കട്ടെ.. വീര്‍ത്ത് വീര്‍ത്ത് വീര്‍ത്ത്...ഠോ....!!!

ഒരു കുത്ത് താ.. കുത്തിനിറച്ച കാറ്റുമുഴുവന്‍ വിട്ടയച്ച് ഞാനൊന്ന് പൊട്ടിത്തെറിക്കട്ടെ...