Sunday, August 9, 2009

പാസ്.

കേരളത്തിലെ വലിയസമൂഹം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന ഓച്ഛാനത്തിന്റേയും അപഹാസ്യതയുടേയും ഫുള്‍ടിക്കറ്റാണ്‌ പാസ്. ഇന്ന് വിദ്യാലയത്തിലേക്കെത്തുവാന്‍ കാല്‍നടയാത്ര ദുഷ്കരമായ വിദ്യാര്‍ഥികള്‍ വന്‍തോതില്‍ ബസുകളെയാണ്‌ ആശ്രയിക്കുന്നത്. സ്കൂളുകള്‍ കുറവായ മലയോരമേഖലയിലെ കുട്ടികള്‍ക്ക് യാത്രയ്ക്കായി മറ്റൊരു വഴി തേടാനാവില്ല. രാവിലെ ഒരുങ്ങിയിറങ്ങി പുസ്തകകെട്ടും പൊതിച്ചോറും താങ്ങി ഉന്മേഷത്തോടെ യാത്രയ്ക്കിറങ്ങുമ്പോള്‍ ആദ്യം കേള്‍ക്കുന്നത്‌ കിളിയുടെ കലമ്പലുകളാണ്‌. പാസുകൊടുത്ത് കയറി ബസിന്റെ സ്ഥലം നശിപ്പിച്ചുകളയുന്ന 'ഇവറ്റകള്‍ക്കെതിരേയുള്ള' പ്രതികരണം സ്വാഭാവികവും സാധാരണവുമാണ്‌.



തിങ്ങിഞ്ഞെരുങ്ങി അതില്‍ യാത്രചെയ്യുമ്പോഴെല്ലാം ഇയാള്‍ കലമ്പിക്കൊണ്ടിരിക്കും. അടയ്ക്കാത്ത ഡോറില്‍ തൂങ്ങി പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് യാത്രചെയ്യേണ്ടിവരുന്നുണ്ട്. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. ബസിലെ പൂര്‍വകാലത്ത് പാസ് കൊടുത്ത്‌ പോയിരുന്ന യാത്രക്കാരായ ചെറുപ്പക്കാര്‍ പോലും ഇത്തരം പാസുകാരെ പുച്ഛത്തോടെയാണ്‌ നോക്കുന്നത്. സ്വന്തം യാത്രാസുഖം നശിപ്പിക്കുന്നവരാണ്‌ അവര്‍ക്ക് മുന്‍പില്‍ പാസുകാരായ വിദ്യാര്‍ഥികള്‍.

എന്റെ പ്രദേശത്തിലെ അവസ്ഥയും ഇതിന്‌ സമാനമാണ്‌. മേഖലയിലെ മൂന്ന് ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളില്‍ നിന്നുള്ള അറുപതോളം വിദ്യാര്‍ഥികള്‍ക്ക് ഒരേ സ്ഥലത്തേക്കാണ്‌ യാത്ര ചെയ്യേണ്ടത്‌. നാലുമണിക്കും ആറുമണിക്കുമിടയിലുള്ളത് ഒരേയൊരു സ്വകാര്യബസ് മാത്രമാണ്‌. ഈ ഒരൊറ്റ ബസില്‍ തന്നെയാണ്‌ നാല്പ്പതോളാം വിദ്യാര്‍ഥികള്‍ക്കും യാത്രചെയ്യേണ്ടി വരുന്നത്. ബാക്കിയുള്ളവര്‍ സ്വല്പ്പം സാമ്പത്തിക ശേഷിയുള്ളവരാകയാല്‍ പ്രത്യേകം വാഹനങ്ങള്‍ സംഘടിപ്പിക്കും. ബസില്‍ പ്രദേശത്തേക്കുള്ള മറ്റ് യാത്രക്കാരും നിറഞ്ഞിട്ടുണ്ടാകും. കൂടാതെ ബസ്റ്റാന്റുകളില്‍ ബസ് നിര്‍ത്തിയിടുന്ന നേരമത്രയും വിദ്യാര്‍ഥികള്‍ക്ക് കയറാനുമാവില്ല. ബസ് പോകുമ്പോള്‍ തുടങ്ങി ഇറങ്ങുന്നിടം വരെ സര്‍വരേയും കേള്‍പ്പിച്ചുകൊണ്ട് വിദ്യാര്‍ഥിയുടെ അഭിമാന ബോധത്തിലേക്ക് ഇവര്‍ തീ കോരിയിടും. പാസൊരിക്കലും അവകാശമായല്ല, ആരോ എറിഞ്ഞുതന്ന പിച്ചക്കാശായാണ്‌ അനുഭവപ്പെടുക.

എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്‌. ഏറെ സഹിഷ്ണതയോടെയാണ്‌ ഇത്രയധികം വിദ്യാര്‍ഥികളെ അവര്‍ ബസില്‍ കയറ്റുന്നത്. ഒരു ബസ്സില്‍ പതിനഞ്ചോളം വിദ്യാര്‍ഥികളെ കയറ്റാന്‍ മാത്രം നിയമമുള്ളപ്പോള്‍ അവര്‍ എല്ലാവര്‍ക്കും യാത്രയൊരുക്കുന്നു. സന്ധ്യയാകുന്ന നേരത്ത് പെണ്‍കുട്ടികളെ കവലകളിലുപേക്ഷിച്ച്‌ ആക്സിലേറ്ററും ചവിട്ടി ഒരു ഡ്രൈവര്‍ക്ക് എങ്ങനെ പോകാനൊക്കും? കടിച്ചും പിടിച്ചും അവിടേയും ഇവിടേയും തൂങ്ങിയും തൂങ്ങാതെയുമുള്ള ഇത്തരം യാത്രകള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കാം.

രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും മധ്യേയോ മൂന്നരയ്ക്കും നാലരയ്ക്കും മധ്യേയോ ബസില്‍ യാത്രചെയ്താല്‍ ഇത്തരം പ്രശ്നങ്ങള്‍ അനുഭവിച്ചറിയാവുന്നതേയുള്ളൂ. കേരളത്തിലെ മിക്കപ്രദേശങ്ങളിലും ഇതേ കുഴപ്പം നിലവിലുണ്ട്‌ . ശാരീരികക്ഷീണമുണ്ടാക്കുന്ന ഇത്തരം യാത്രകള്‍ 30% വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നെന്ന് അവര്‍ തന്നെ അഭിപ്രായപ്പെടുന്നു. വന്‍തുക ചെലവഴിച്ച് വിദ്യാര്‍ഥികളുടെ പഠനനിലവാരമുയര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഗവണ്മെന്റ് വിദ്യാലയ ബാഹ്യമായ ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ പാസെന്ന അവകാശത്തിനായി മുദ്രാവാക്യങ്ങള്‍ വിളിക്കുമ്പോള്‍ അതിന്റെ പേരില്‍ കേള്‍ക്കുന്ന കുത്തുവാക്കുകള്‍ അവരെ തളര്‍ത്തുന്നു. ക്രിയാത്മകമായ ആവശ്യങ്ങളോ സമരങ്ങളോ യാത്രാദുരിതപ്രശ്നത്തില്‍ എവിടെ നിന്നും ഉണ്ടായിട്ടില്ല.

കുറഞ്ഞ ചെലവില്‍ കൂടുതല്‍ മെച്ചപ്പെട്ട യാത്ര വിദ്യാര്‍ഥികളുടെ അവകാശം തന്നെയാണ്‌. ഇതിനായി കൂടുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുക അപ്രായോഗികമാണ്‌.

ഓരോ വിദ്യാലയത്തോടനുബന്ധിച്ചും സ്കൂള്‍ ബസുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയും പുതിയ സ്കൂളുകള്‍ യാത്രാസൗകര്യമനുസരിച്ച് ക്രമപ്പെടുത്തി നിര്‍മിക്കാന്‍ പരിശ്രമിക്കുകയും വേണം. വഴിക്കണ്ണുകള്‍ തുറപ്പിക്കാന്‍ യത്നിക്കുന്നവര്‍ വിദ്യാര്‍ഥികളുടെ യാത്രാദുരിതത്തേയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മെച്ചപ്പെട്ട യാത്രയിലൂടെ കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ ആത്മാര്‍ഥമായി ഉദ്യമിക്കേണ്ടിയിരിക്കുന്നു.

*ചിത്രത്തിന് കടപ്പാട് : ദ് ഹിന്ദു.

10 comments:

Anuroop Sunny said...

കേരളത്തിലെ വലിയസമൂഹം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന ഓച്ഛാനത്തിന്റേയും അപഹാസ്യതയുടേയും ഫുള്‍ടിക്കറ്റാണ്‌ പാസ്. എങ്കിലും യാഥാര്‍ഥ്യം മറ്റൊന്നാണ്‌. ഏറെ സഹിഷ്ണതയോടെയാണ്‌ ഇത്രയധികം വിദ്യാര്‍ഥികളെ അവര്‍ ബസില്‍ കയറ്റുന്നത്. ഒരു ബസ്സില്‍ പതിനഞ്ചോളം വിദ്യാര്‍ഥികളെ കയറ്റാന്‍ മാത്രം നിയമമുള്ളപ്പോള്‍ അവര്‍ എല്ലാവര്‍ക്കും യാത്രയൊരുക്കുന്നു.കടിച്ചും പിടിച്ചും അവിടേയും ഇവിടേയും തൂങ്ങിയും തൂങ്ങാതെയുമുള്ള ഇത്തരം യാത്രകള്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കാം.

അനില്‍@ബ്ലോഗ് // anil said...

അനുരൂപെ,
പ്രസക്തമായ ഒരു വിഷയം.

ബസ് യാത്രക്കിടയില്‍ പലപ്പോഴും കുട്ടികള്‍ക്ക് വേണ്ടി ബസ്സുകാരുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. പണ്ടൊക്കെ കുട്ടികളും അല്പം കൂടി പ്രതികരണ ശേഷി ഉള്ളവരായിരുന്നെന്നും തോന്നും ചില നേരങ്ങളില്‍. നാട്ടുകാരും പോലീസും ശക്തമായി ഇടപെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ.
ഞങ്ങളുടെ നാട്ടിലെ സര്‍ക്കാര്‍ സ്കൂള്‍ പി.ടി.എ രണ്ട് ബസ് ഓടിക്കുന്നുണ്ട്,എന്നിരുന്നാലും അത് അത്ര പ്രായോഗികമല്ല.

Unknown said...

realy True

ശ്രീ said...

സ്കൂള്‍ ജീവിതത്തില്‍ വേണ്ടി വന്നില്ലെങ്കിലും പ്രീ ഡിഗ്രി പഠിച്ച 2 വര്‍ഷം ഈ കഷ്ടപ്പാട് നന്നായി അനുഭവിച്ച ഒരാളാണ് ഞാനും. അതു കൊണ്ട് ആ വിദ്യാര്‍ത്ഥികളുറ്റെ അവസ്ഥ ശരിയ്ക്കു മനസ്സിലാക്കാനാകും.
'കൂടാതെ ബസ്റ്റാന്റുകളില്‍ ബസ് നിര്‍ത്തിയിടുന്ന നേരമത്രയും വിദ്യാര്‍ഥികള്‍ക്ക് കയറാനുമാവില്ല.'

ഇതും ശരിയാണ്. ബസ്സിന്റെ ഡോറിനരുകില്‍ തിക്കിത്തിരക്കി എത്ര നേരം നിന്നിരിയ്ക്കുന്നു... എത്രയോ തവണ ഷര്‍ട്ടോ പാന്റ്‌സോ ബാഗോ കമ്പിയിലും മറ്റും ഉടക്കി കീടിയിരിയ്ക്കുന്നു... ഇതെല്ലാം പോരാതെ കണ്ടക്ടറുടേയും ഭൂരിഭാഗം യാത്രക്കാരുടേയും കുത്തു വാക്കുകളും പഴി പറച്ചിലുകളും.

എന്റെ പ്രീഡിഗ്രീ പഠനകാലത്തെ ഇന്നും ഞാന്‍ മടുപ്പോടെ മാത്രം ഓര്‍ക്കുവാന്‍ പ്രധാന കാരണവും മറ്റൊന്നല്ല.

പോസ്റ്റ് നന്നായി, അനുരൂപ്. കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെടേണ്ട, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.

Unknown said...

good.its true

Aldin said...

sathyam..... i really proud of u?

Typist | എഴുത്തുകാരി said...

വളരെ പ്രസക്തമായ വിഷയം.

“( KSRTC ബസുകള്‍ പൊതുതാല്പര്യത്തിനായി കൂടുതല്‍ യത്നിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമെങ്കിലും ഇത്തരം ബസുകളില്‍ പാസ് നല്‍കുന്നില്ല. ഇതിന്റെ സാംഗത്യം എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.)“

ഈ പറഞ്ഞത് എനിക്കു മനസ്സിലായില്ല. KSRTC ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കു് concession card കൊടുക്കുന്നുണ്ടല്ലോ.

Anuroop Sunny said...

@അനില്‍
ആരും വിദ്യാര്‍ഥികളെ വിലകല്പ്പിക്കുന്നില്ലെന്നതാണ്‌ കുഴപ്പം. നല്ല നിര്‍ദ്ദേശത്തിന്‌ നന്ദി..

@ശ്രീ
പണ്ടും ഈ പ്രശ്നമുണ്ടായിരുന്നല്ലേ, ദുരിതങ്ങള്‍ തിരിച്ചറിയാനുള്ള മനസ്സിന്‌ നന്ദി..

@അശ്വിന്‍, അല്‍ഡിന്‍, കൊച്ച്
ഈ പ്രശ്നം അനുഭവിക്കുന്ന എന്റെ സഹപാഠികള്‍ക്കും നന്ദി...

@എഴുത്തുകാരി
കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലകളിലൊന്നും പാസ് കൊടുക്കുന്നില്ല!!! ഇതിന്റെ കാരണമാണ് മനസ്സിലാവത്താത്. ഒന്ന് അന്വേഷിച്ചുനോക്കട്ടെ, ഒരു സമരത്തിനുള്ള സ്കോപ്പ് കാണുന്നു.

Unknown said...

yes..sathyam
nalathe pavurammaraya innathe kuttikalkku laphikkunna dhaanam!!!!

Anil cheleri kumaran said...

നല്ല പോസ്റ്റ്.