Monday, January 9, 2012

ഇതാരുടെ ജനാധിപത്യമാണ്?



ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയോട് ശക്തമായ സമരപ്രഖ്യാപനവുമയര്‍ത്തിയാണ് അന്നാ ഹസാരെ രംഗത്തെത്തുന്നത്. അഴിമതിക്കെതിരെയായിരുന്നെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സകല ന്യൂനതകളിലേക്കും ജനങ്ങളുടേയും രാഷ്ട്രീയനേതാക്കളുടേയും ശ്രദ്ധ ക്ഷണിക്കാന്‍ സമരത്തിനായി. അഴിമതിക്കെതിരെ ശക്തമായ ബോധവത്കരണം അനിവാര്യമായ സമയത്തുതന്നെയായിരുന്നു ഹസാരെയുടെ സമരം. എല്ലാവരുടേയും ആവശ്യത്തെ ഒരുമിച്ചുകൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷെ അവസാനം എന്തായി? ശക്തമായ നിയമനിര്‍മാണം സാധ്യമായോ? സമരത്തില്‍ ആവേശപൂര്‍വം പങ്കെടുത്തവരില്‍ എത്ര പേര്‍ സ്വയം അഴിമതിക്ക് കൂട്ടുനില്‍ക്കില്ല എന്ന് പ്രതിജ്ഞയെടുത്തു? ലക്ഷ്യം സാധിച്ചില്ലെന്നതുമാത്രമല്ല. സ്വീകരിച്ച ഗാന്ധിയന്‍ മാര്‍ഗത്തിനും(ഹസാരെയുടെ ഗാന്ധിമാര്‍ഗമാണ് പിഴച്ചത്, ഗാന്ധിമാര്‍ഗം അല്ലെന്ന് ഓര്‍ക്കുക) യാതൊരു ഫലവും ഇല്ലാതെയായിപോയി.

നിയമനിര്‍മാണസഭയില്‍ നിയമം ചര്‍ച്ചചെയ്യപ്പെട്ടു. അവിടേയും ആരുടെ താത്പര്യമാണ് നടപ്പായത്? എങ്ങനേയും എന്തെങ്കിലുമൊന്ന് തട്ടികൂട്ടുക എന്ന കോണ്‍ഗ്രസിന്‍റെ നിലപാട് നടന്നില്ല. സംഭവിച്ചത് നിയമം യു.പി.എ നടപ്പില്‍ കൊണ്ടുവരരുത് എന്ന ബി.ജെ.പി. യുടെ ശാഠ്യം. നിയമം നിര്‍മിക്കുന്നതിലായിരുന്നില്ല, യു.പി.എ നിര്‍മിക്കരുത് എന്നതായുരുന്നു ബി.ജെ.പി. നിലപാട്. വിലകുറഞ്ഞ പാര്‍ട്ടി രാഷ്ട്രീയം ജയിച്ചു. ദുര്‍ബലമായ, ആത്മാര്‍ത്ഥതയില്ലാത്ത സര്‍ക്കാര്‍ കണ്ടുനിന്നു. അന്നാ ഹസാരെ ഒരു മാസം സുഖവാസത്തിന് പോയി. സമരത്തിന്‍റെ നേതാക്കള്‍ അഴിമതിക്ക് പിഴയൊടുക്കി. നിയമവും ചര്‍ച്ചകളും മാധ്യമങ്ങളില്‍ നിന്ന് അരങ്ങൊഴിഞ്ഞു. ആരോപണങ്ങള്‍ ബാക്കിയായി. ഞാനും നീയും വിഡികളായി. മഹത്തായ ജനാധിപത്യം!!!

മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നൊരു വിഷയവുമുണ്ടാരുന്നു. രണ്ടു സംസ്ഥാനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി. ഈ വിഷയത്തിലൂടെ ജനാധിപത്യ വ്യവസ്ഥയിലെ മാധ്യമധര്‍മമെന്തെന്ന് വെളിവായി. പൊതുജനാഭിപ്രായം രൂപികരിക്കേണ്ട പത്രങ്ങള്‍ അനാവശ്യ ഭയം സൃഷ്ടിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ ജനത്തെ പലതും പറഞ്ഞു തെറ്റിധരിപ്പിച്ചു. ചര്‍ച്ചയ്ക്കുവിളിച്ച് പ്രധാനമന്ത്രിയോട് പോയി പണിനോക്കാന്‍ ജയലളിത. അവസാനം എന്തായി? രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഇളക്കിവിട്ട വികാരങ്ങള്‍ പ്രശ്നങ്ങള്‍ മാത്രം സൃഷ്ടിച്ചു. ആശങ്കകള്‍ പരിഹരിക്കപ്പെട്ടില്ല. ക്രിയാത്മകമായി യാതൊന്നും നടന്നില്ല. നാണംകെട്ട നാടകങ്ങള്‍. ആരോപണങ്ങള്‍ മാത്രം ബാക്കിയായി. ഞാനും നീയും വിഡികളായി. മഹത്തായ ജനാധിപത്യം!!

ഈ ബഹളങ്ങള്‍ക്കൊക്കെ ഇടയിലാണ് ഭക്ഷ്യസുരക്ഷാ ബില്‍ നിയമമാക്കപ്പെട്ടത്. പട്ടിണിക്കെതിരെയുള്ള ശക്തമായ ആയുധമായിരുന്നു ബില്‍. ഏതുവിധത്തിലാണ് രാജ്യമാകെ അത് ചര്‍ച്ചചെയ്യപ്പെട്ടത്? നിയമം നടപ്പിലാക്കാന്‍ ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നോ, ബില്ലിലെ വ്യവസ്ഥകള്‍ പൊതുവിതരണശൃംഘലയെ എങ്ങനെ ബാധിക്കുമെന്നോ, ആരും ചിന്തിക്കാന്‍ മെനക്കെട്ടില്ല. മാധ്യമങ്ങളും ഇതൊന്നും പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ശ്രമിച്ചില്ല. പാവപ്പെട്ടവന്‍റെ വിശപ്പ് ആര്‍ക്കും വലുതായിരുന്നില്ല. ചര്‍ച്ചകള്‍ക്കു പകരം ആരോപണ പ്രത്യാരോപണങ്ങളാല്‍ ഇന്ത്യന്‍ രാഷ്ട്രീയം മലീമസമായിരിക്കുന്നു. ആരാണ് ഉത്തരവാദികള്‍?

രാഷ്ട്രീയപാര്‍ട്ടികളിലൂടെയാണ് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ആശയവിനിമയം സാധ്യമാകുന്നത്. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങളും പാഴ് വാഗ്ദാനങ്ങളും ദിശാബോധമില്ലാത്ത നേതൃത്വവും പാര്‍ട്ടികളെ ജനങ്ങളില്‍ നിന്നകറ്റുന്നു. പ്രീണിപ്പിക്കാനും തത്ത്വങ്ങളില്‍ 'അഡ്ജസ്റ്റ്' ചെയ്യാനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നിനും മടിയുമില്ല. മാധ്യമങ്ങള്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നുമില്ല. ആയതിനാല്‍ ജനാധിപത്യ പ്രക്രിയകള്‍ തെറ്റായ വഴിയില്‍ നീങ്ങുന്നതിന്‍റെ ഉത്തരവാദിത്വം രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തിനാണ്, ഒപ്പം മാധ്യമങ്ങള്‍ക്കും. പൊതു അഭിപ്രായപ്രകടനത്തിനും താത്പര്യങ്ങള്‍ സംരക്ഷിക്കാനും മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളല്ലാതെ മറ്റൊരു മാര്‍ഗവും ജനത്തിനു മുന്‍പില്‍ അവശേഷിച്ചിട്ടുമില്ല. അതുകൊണ്ട് ഈയൊരവസ്ഥയില്‍ 'വോട്ട്' തിരുത്തല്‍ ശക്തി ആകുന്നുമില്ല. ഇനിയെന്ത് എന്ന ചോദ്യം ബാക്കി..

3 comments:

Pheonix said...

keep it up

Rejeesh Sanathanan said...

ജനങ്ങളുടെ മേൽ രാഷ്ട്രീയക്കാരന്റെ ആധിപത്യം.....അതാണ് ജനാധിപത്യം

Anonymous said...

thikachum uchithamaya post...shesham piravathu darshikkam.....
vinu eldhose