Sunday, January 11, 2009

ഫാസിസം - നൂറ്റാണ്ടിന്റെ വാക്ക്

രാവിലെ നഗരത്തിലെ വലിയൊരു ഹോട്ടലില്‍ കയറി പാപ്പു ചേട്ടന്‍. 'തിന്നാനെന്തുണ്ട്?'
'പുട്ടും കടലേം'
പാപ്പുചെട്ടന്റെ രക്തം തിളച്ചു.
'നിനക്കിഷ്ടമുള്ളത്‌ തിന്നാനാണെങ്കില്‍ ഞാനെന്തിനാ..ഇതെന്താ ഫാസിസമോ?'
ചരിത്രാവബോധം തീരെ മണത്തിട്ടില്ലാത്ത അച്ചായന് മൂക്കത്ത്‌ ദേഷ്യം വന്നാല്‍ ഫാസിസത്തില്‍ കേറി പിടിക്കും.ഫാസിസമെന്നൊന്നു പറഞ്ഞാല്‍മതി ചോര വെട്ടി തിളച്ചോളും.ശീലമായിപോയി.

ഈ നൂറ്റാണ്ടിന്റെ വാക്കാണ്‌ ഫാസിസം. നാല്‍ക്കവലകളില്‍ നാലാള്‍ കൂടിയാല്‍ പ്രഭാഷിക്കുന്നവന്റെ വാക്കുകളുടെ ഒഴുക്കിന് ഫാസിസം അനിവാര്യ ചേരുവതന്നെ. കവലപ്രസംഗം കൊഴുക്കണോ, ഫാസിസം മസ്റ്റ്. അത് അനുസ്മരണ പ്രസംഗമാവട്ടെ അനുമൊദനമാവട്ടെ, 'ഇതെന്താ ഫാസിസമോ എന്നോന്നുരക്കെ ചോദിച്ചില്ലേല്‍ പിന്നെന്തു പ്രസംഗം. ഫാസിസത്തെപറ്റി പറഞ്ഞു പറഞ്ഞു ഫാസിസ്റ്റ് പ്രസംഗകനായി മേയാനാണ് ചിലര്‍ക്കിഷ്ടം.

നാടോട് നാട് നീളെ സമരങ്ങളും ലഹളകളും കൂടിയപ്പോള്‍ ഫാസിസത്തിന് വിലയായി. കണ്ടിടതും കാണാത്തിടത്തും ഫാസിസമായി. നാഴികയ്ക്ക് നാല്പതുവട്ടം കേട്ടുകൊണ്ടിരിക്കാനും കേള്‍ക്കാതിരുന്നാല്‍ ചൊറിഞ്ഞുകൊണ്ടിരിക്കാനും ജനം പഠിച്ചു.

നന്നായി ഉച്ചരിച്ചാല്‍ ചോരതിലക്കും വിധമാണത്രേ ഫാസിസം എന്ന വാക്കിന്റെ ക്രമീകരണം. കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ സമ്മേളനത്തിന് പോയാല്‍ കേള്‍ക്കുന്ന പലേതരം ഫാസിസങ്ങള്‍ ഡിക്ഷണറിയാക്കി വിറ്റാല്‍ ചിന്ത പ്രസാധനത്തിന് പിന്നെ പാര്‍ട്ടി ബക്കെറ്റ് പിരിവു നടത്തേണ്ട. നേതാക്കളുടെ ഫാസിസത്തെ പറ്റിയുള്ള വാച്ചകകസര്‍ത്തു പ്രദര്‍ശിപ്പിക്കാന്‍ ദേശാഭിമാനി ചരമപേജിനു പകരം ഫാസിസം പേജ് തുടങ്ങിയാലും മോശമാവില്ല. ആരും അതുകണ്ട് ഫാസിസം എന്ന് പറയാതിരുന്നാല്‍ മതി.

നാട് നീളെ ഫാസിസമായതുകൊണ്ടാണിങ്ങനെയൊക്കെ എന്ന് സംഗ്രഹിക്കാം.സര്‍വമേഖലകളിലും ഫാസിസമാണത്രേ. ക്യാമ്പസുകളില്‍ 'അടിപൊളിയെ' വെല്ലുന്ന അടിപൊളി വാക്കുതന്നെ ഫാസിസം. ബുദ്ധിമുട്ടി ചെയ്തു ബുദ്ധിമുട്ടി എഴുതി ബുദ്ധിമുട്ടി ഗ്രാഫ് വരച്ചു ബുദ്ധിമുട്ടി ലൈനില്‍ നിന്ന് നാലാം തവണയും സൈഗ്നില്ലാന്നു പറയുന്ന ടീച്ചറിനോട് 'ടീച്ചറിന്റെ കയ്യിലെ പേനയ്ക്കു ചുവപ്പായത്തിന്റെ ഹുങ്കല്ലേ?. ഫാസിസം കാട്ടി വെരട്ടല്ലേ' എന്ന് കുട്ടിസഖാവ് തകര്‍ത്തു പറഞ്ഞാല്‍ ക്ലാപ്പ്, ക്ലാപ്പ്. പിന്നെ കുട്ടിസഖാവിന്റെ ഫാസിസം സ്റ്റാഫ് റൂമ്മില്‍ ചര്‍ച്ച. ചായക്കടയിലുമുണ്ട് ഫാസിസം. നാലുരുപ്പികയ്ക്ക്, അതും പറ്റിന് വെട്ടിവിഴുങ്ങുന്ന പരിപ്പുവടയ്ക്കു വലിപ്പം പോരങ്കില്‍ ആര്‍ത്തിപണ്ടാരത്തിന് അതും ഫാസിസമാണ്‌. തിരക്കുള്ള ബസ്സില്‍ ബ്രേക്ക് ചാര്‍ത്തുമ്പോള്‍ തൊട്ടടുത്തുള്ള ദീനാമ്മയുടെ സാരിതുമ്പത് തൊട്ടാലും മഹിളാമണികള്‍ ചോദ്യമായി, ഫാസിസമോ? തലയിലൂടെ മേഞ്ഞു നടക്കുകയും തക്കത്തിന് ചോര ആമാശയത്തിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്ന പേനിനെ ഞെക്കികൊന്നാലും ജന്തുസ്നേഹികള്‍ പറയും ഫാസിസമെന്ന്.

പത്താം ക്ലാസ്സിലെ സാമൂഹ്യപാഠത്തില്‍ ഫാസിസത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ബാക്ക് ബെഞ്ചിലിരുന്നു ഫാസിസം കാട്ടിയത് മാത്രം ഓര്‍മയുണ്ട്. ചൂരലുവടിയുമായി മാഷ്‌ മേത്തൊന്നു മേഞ്ഞിട്ടു പറഞ്ഞു "ഇതാണ് മോനെ ഫാസിസം"

കുട്ടിസഖാവായി വളര്‍ന്നതവിടുന്നാണ്. മാഷിന്റെ വാഴ വെട്ടി തുടങ്ങിയതാണ്‌. വെട്ടി വെട്ടി ഒടുക്കം മാഷിന്റെ വീട്ടില്‍ കയറി മേഞ്ഞു. മാഷിന്റെ പുന്നാര മോളൊരുത്തിയെ വെട്ടി പിടിച്ചപ്പോഴാണ് മാഷ്‌ ഞെട്ടിയത്. മാഷന്നു പറഞ്ഞതിന്റെ മറുപടി മാഷിന്റെ മുഖത്ത് നോക്കി പറഞ്ഞു "ഇതാണ് മാഷേ ഫാസിസം".

കെട്ടിവന്ന ഗുരുപുത്രി മധുവിധു കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ്‌. ആട്ടുകട്ടിലില്‍ അവള് കൂര്‍ക്കം വലിച്ചുവിടുന്നത് സിമിന്റ്‌ തറമേല്‍ കിടന്നു താരാട്ട് പാട്ടായി കേട്ടാണ്‌ അവനുറങ്ങുന്നത് . ഒടുക്കം അവളുടെ കാലു തിരുമാത്തത്തിനു അമ്മയുടെ മൊത്തിക്കു അഥവാ കരണക്കുറ്റിക്ക് പൊട്ടിച്ചിട്ട് അവള്‍ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞു "ഇതാണ് മനുഷ്യാ ഫാസിസമെന്നു"

അതുകൊണ്ട് ഫാസിസതോട് തീര്‍ത്താല്‍ തീരാത്ത കടപാടാണ്. തലമുറകളായി അതങ്ങനെ കൈമാറിപോവുകയാണ്. അടുത്ത തലമുറയിലെ സഖാക്കളും ഫാസിസം ചൊല്ലിപഠിക്കട്ടെ .

ഒടുക്കം അങ്ങേ ലോകത്തേക്ക് കൊണ്ട് പോകാനെത്തുന്ന കാലനോടും സഖാക്കള്‍ ചോദിക്കും 'ഇതെന്താ ഫാസിസമോ?' പക്ഷെ എന്റെ സംശയം അതല്ല, ഹിറ്റ്ലര്‍ കാലനോട്‌ അങ്ങനെ ചോദിച്ചിട്ടുണ്ടാകുമോ? "ഇതെന്താ ഫാസിസമോ"??????!!!!!!!

3 comments:

Anuroop Sunny said...
This comment has been removed by the author.
Unknown said...

nannairikkunu Anuroop.......

Anuroop Sunny said...

ഫാസിസതെക്കുരിച്ചു പ്രസംഗിക്കുന്നവര്‍ തന്നെ അത് ചെയ്യുന്നു..