Thursday, September 4, 2008

അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ പുനര്‍വായനക്ക്,

അഭിസംബോധന ,

ഒന്നാം ക്ലാസ്സില്‍ നിന്ന് ജയിച്ചു രണ്ടാം ക്ലാസ്സിലെക്കെത്തിയ ഉണ്ണികുട്ടന്‍ തിരികെ വീട്ടിലെത്തി അമ്മയോട് പറയുന്ന ഒരു കാര്യമുണ്ട്. വളരെ സുന്ദരമായിട്ടു ആ സംഭാഷണ ഭാഗം യൂസഫലി കേച്ചേരി തന്റെ നാല് വരികളില്‍ വിവരിക്കുന്നു.


"ക്ലാസ്സിലൊന്നാമതായി തന്നെ
രണ്ടാം ക്ലാസ്സിലേക്ക് ജയിച്ചു ഞാന്‍.
ഒന്നിലാണിപ്പോഴും പാവം
ഓമന ടീച്ചര്‍ തോറ്റുപോയി."

ഒരു അധ്യാപക ദിനം കൂടി അനുഷ്ടാനമായി കടന്നു പോകുകയാണ്.ഇവിടെ നമ്മള്‍ അധ്യാപകരുടെ മാഹാത്മ്യത്തെ കുറിച്ചൊന്നു ചിന്തിക്കുന്നു. അവരെ ആദരിക്കുന്നു. വളരെയേറെ ചൊല്ലി പതിഞ്ഞ ഒരു ശൈലിയുണ്ട്. "ഭാരതത്തിന്റെ ഭാവി രൂപം കൊള്ളുന്നത്‌ അവളുടെ ക്ലാസ് മുറികളിലാണ്."തീര്‍ച്ചയായും, അതിനു രൂപം കൊടുക്കുന്നതോ നമ്മുടെ അധ്യാപകരും. അതുകൊണ്ടാ നാം പറയുക ഒരു ദേശത്തിനും ആ ദേശത്തിലെ അധ്യാപകരുടെ നിലവാരത്തിനപ്പുറത്തേക്ക് , സംസ്കാരത്തിനപ്പുറത്തേക്ക് വളരുവാനാവില്ലെന്ന്. ഭാരതത്തിനോരിക്കലും അവളുടെ അധ്യാപകരുടെ നിലവാരത്തിനപ്പുറത്തേക്ക്, പൗരബോധത്തിനപ്പുറത്തേക്ക് വളരാനാവില്ല. അവളുടെ നിലവാരവും പൗരബോധവും എന്നും അവളുടെ അധ്യാപകരുടെതിനേക്കാള്‍ താഴെ ആയിരിക്കും.


ഈ ഈ അധ്യാപക ദിനത്തില്‍ എന്റെ മനസ്സിലേക്ക് കടന്നെതുക മൂന്നു ചിന്തകളാണ്. ഒന്ന്, അധ്യാപകരുടെ മാഹാത്മ്യതെക്കുറിച്ച്. രണ്ടു, അധ്യാപകരോടുള്ള വിദ്യാര്‍ത്ഥിയുടെ കടമകളെക്കുറിച്ച്. മൂന്നാമാതായിട്ടു അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളെക്കുറിച്ച്.


നാം ഈയിടയായി മാധ്യമങ്ങളില്‍ ഒരുപാട് കേള്‍ക്കുന്ന ഒരു കാര്യമാണ് പാഠപുസ്തക പരിഷ്കരണം, സിലബസ് പരിഷ്കരണം, വിദ്യാഭ്യാസ ചട്ടകൂട് പരിഷ്കരണം എന്നിങ്ങനെ. വിദ്യാഭ്യാസത്തിന്റെ അവര്‍ണനീയമായ പ്രസക്തി ഉള്‍ക്കൊണ്ടുകൊണ്ടാണ് കാലങ്ങള്‍ മാറുംതോറും വിദ്യാഭ്യാസത്തിന്റെ നൂലിഴകള്‍ പറിച്ചുമാറ്റി അവിടെ പുതിയവ നെയ്തുചെര്‍ക്കുക. എന്നാല്‍ ഭാരത വിദ്യാഭ്യാസത്തിന്റെ ചരിത്രത്തില്‍ ഇന്നോളം ഒരേഒരു തവണ മാത്രമാണ് അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കപെട്ടിട്ടുള്ളത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോളം നമ്മുടെ നാട്ടില്‍ നിലനിന്നിരുന്നത് ഗുരുകുലങ്ങളിലൂടെയുള്ള ഗുരു-ശിഷ്യ ബന്ധങ്ങള്‍ ആയിരുന്നെന്കില്‍ കാലത്തിനനുസരിച്ച് അവ വിദ്യാലയങ്ങളിലെ അധ്യാപക- വിദ്യാര്‍ത്ഥി ബന്ധങ്ങളായി പരിനമിക്കപെട്ടു. ഇന്റര്‍നെറ്റും ആധുനിക സാങ്കേതിക വിദ്യയും അധ്യാപകന്റെ റോള്‍ ഏറ്റെടുക്കുന്ന ഈ കാലത്ത് നല്ല അധ്യാപകരെകാള്‍ പ്രസക്തി നല്ല അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്കാണ്. ഇവിടെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളിലെ സൗഹൃദത്തിനു വളരെ സ്വീകാര്യതയുണ്ട്.


സ്നേഹമുള്ളവരെ, എനിക്ക് നിന്നോട് ഒരു ആശയം വൃത്തിയായി പങ്കുവയ്ക്കണമെങ്കില്‍, എല്ലാ സംശയങ്ങളും നിന്നോട് ചോദിക്കണമെങ്കില്‍, എനിക്ക് നിന്നോട് എന്റെ സ്വപ്‌നങ്ങള്‍ വിവരിക്കണമെങ്കില്‍ നമ്മള്‍ തമ്മിലുള്ള ബന്ധം പ്രതിബന്ധങ്ങളില്ലാത്ത്തായിരിക്കണം, അത് സൗഹൃദമായിരിക്കണം. നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം.


അതായത് ആശയ സംവേദനത്തിനും സംശയ നിവാരണത്തിനും ഫലപ്രദമായ മാര്‍ഗം സൗഹൃദമാണ്. ഇതേ ആശയ സംവേദനവും സംശയ നിവാരണവുമല്ലേ വിദ്യാഭ്യാസത്തിലും നടക്കുക.അപ്പോള്‍ എന്തുകൊണ്ട് അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ സൗഹൃദങ്ങള്‍ ആയിക്കൂടാ?


അപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന ഒരു സംശയമുണ്ട്‌."നമ്മുടെ സ്കൂള്‍ വരാന്തകളിലൂടെ ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ തോളില്‍ കൈയിട്ടുനടക്കുന്ന കാലം വന്നാല്‍ അധ്യാപകര്‍ക്ക് എന്താണ് പ്രസക്തി?" സ്നേഹമുള്ളവരെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങളിലെ ആരോഗ്യപരമായ സൗഹൃദം അധ്യാപകനെ വിദ്യാര്‍ത്ഥിയുടെ നിലവാരത്തിലേക്ക് താഴ്തുകയല്ല വിദ്യാര്‍ത്ഥിയെ അധ്യാപകന്റെ നിലവാരത്തിലേക്ക് പിടിച്ചുയര്‍ത്തുക തന്നെ ചെയ്യും .
വിദ്യാര്‍ത്ഥിയോട് ഇതാ നിന്‍റെ പാത ഇന്നു ചൂണ്ടികാണിക്കുവാന്‍ ആ നല്ല സുഹൃത്തിനാകും.അതെ സുഹൃത്തുക്കളെ കാലം അധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങളിലും ആവശ്യപെടുന്നത് മാറ്റം തന്നെയാണ്.


ഇവയോടൊപ്പം ഒരു സ്മരണ കൂടി, ഇന്നേ ദിനം നാം ആചരിക്കുക അധ്യാപക ദിനമായിട്ടാണെങ്കിലും ഭാരതത്തിന്റെ ഭാവി രൂപപെടുന്നത് അവളുടെ ക്ലാസ് മുറികളിലാണ് എന്ന് ഓരോ ഭാരതീയനെയും ഓര്‍മപ്പെടുത്തുന്ന ദിനം കൂടിയാണിന്നു.അതിനാല്‍ വിദ്യാര്‍ത്ഥികളായ നാമോരോരുത്തരെയും ഭാരതം വന്‍തുക ചെലവാക്കി പഠിപ്പിക്കുക അവള്‍ക്കായി സമ്പാദിക്കുവാന, അവളുടെ മണ്ണില്‍ പ്രവര്‍ത്തിക്കാനാ. അതുകൊണ്ടുതന്നെ അധ്യാപകരോടുള്ള ഒരു വിദ്യാര്‍ത്ഥിയുടെ കടമ എന്നത് ഭാരതത്തോടുതന്നെയുള്ള കടമയാണ്. ഓരോ അധ്യാപക ദിനത്തിലും ഭാരതം ഓരോ വിദ്യാര്‍ത്ഥിയെയും ഓര്‍മപ്പെടുത്തുക ഈ കടമയാണ്. ത്രിവര്‍ണ പതാകയ്ക്കുതാഴെ അമ്പത് നക്ഷത്രങ്ങള്‍ തലകുനിച്ചു നില്‍ക്കുന്ന ഒരു ദിനത്തിനായി അധ്വാനിക്കുവാന്‍ ഓരോ അധ്യാപക ദിനവും നമ്മെ പ്രചോദിപ്പിക്കട്ടെ..

നിര്‍ത്തുകയാണ്, ഒരു ചൊല്ലുണ്ട്, 'Poor teacher tells, Avarage teacher explains, Good teacher demonstrate' ഞങ്ങള്‍ക്ക് മാതൃകയായിട്ടുള്ള ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകര്‍ക്കും ഇന്നേ ദിനത്തിന്റെ ഹൃദ്യമായ ആശംസകള്‍. ഒപ്പം രണ്ടാം ക്ലാസ്സുകാരന്‍ ഉണ്ണിക്കുട്ടന്‍ തന്റെ ടീച്ചര്‍ തന്റെ കൂടെയില്ല ഇന്നു പരിതപിച്ചതുപോലെ ഈ വിദ്യാലയത്തെ പിരിഞ്ഞു പോകുമ്പോള്‍ നമുക്കും ദുഃഖത്തോടെ പറയുവാന്‍ സാധിക്കട്ടെ എന്റെ ടീച്ചര്‍ എന്റെ കൂടെ ഇല്ല എന്ന്.


നന്ദി, നമസ്കാരം.

No comments: