Wednesday, April 15, 2009

മാറ്റപ്പെടേണ്ട തെരഞ്ഞെടുപ്പ് ശൈലികള്‍

ജനാധിപത്യത്തിന്റെ ഉത്സവമാണ്‌ തെരഞ്ഞെടുപ്പുകള്‍. ഒരു രാഷ്ട്രത്തിന്റെ ഭാവികുറിക്കപ്പെടുന്ന വേള. വികസിത ഇന്ത്യക്കായി നാമൊരുമിച്ച് വിധിയെഴുതുകയാണ്‌. മുഴുക്കെചിരിച്ച് കടന്നെത്തുന്ന നേതാക്കളും രാഷ്ട്രീയസ്പന്ദനങ്ങളെ വാര്‍ത്തകളാക്കുന്ന മാധ്യമങ്ങളും ഉത്സവപ്പറമ്പ് തിരക്കേറിയതാക്കുന്നു.

ജനാധിപത്യത്തെ ചലനാത്മകമാക്കുന്നതും തിരഞ്ഞെടുപ്പുകളാണ്‌. മായാമഷി പുരണ്ട ചൂണ്ടുവിരലുകള്‍ നീട്ടികാണിച്ച ദിശാബോധത്തോടെ ഇന്ത്യയെന്ന ജനാധിപത്യ രാജ്യം നീങ്ങാനാരംഭിക്കുകയാണ്‌. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ എന്തുമാകട്ടെ, നാം ഉയര്‍ത്തിപിടിച്ച മൂല്യങ്ങള്‍ക്ക്‌ പുനര്‍ജീവനേകുവാന്‍ പരിശ്രമിക്കുകയാണ്‌ തെരഞ്ഞെടുപ്പുകള്‍..

ഇന്ത്യക്കു പുത്തനുണര്‍വാകേണ്ടതായിരുന്നു ഈ തിരഞ്ഞെടുപ്പ്‌. രാഷ്ട്രീയത്തോട്‌ വിരക്തി പടരുമ്പോള്‍, നാം കൈമുതലാക്കിയ ഉന്നതികളില്‍ കാലൂന്നി പ്രതീക്ഷാനിര്‍ഭരമായി ഭാവിയിലേക്ക് വിരല്‍ചൂണ്ടാന്‍ ഉല്‍പ്രേരകമായി മാറേണ്ടതായിരുന്നു ഈ തിരഞ്ഞെടുപ്പ്‌. എന്നാല്‍ ഇന്ത്യയെന്ന വികാരത്തെക്കുറിച്ചു യാതൊരു ഉന്നതലക്ഷ്യങ്ങളുമില്ലാതെ ദേശീയപാര്‍ട്ടികള്‍ പോലും പ്രതികരിക്കുമ്പോള്‍ സംവിധായകരാകേണ്ട ജനം വെറും പ്രേക്ഷകരായി മാറിപോകുന്നു.

രണ്ട് സ്വപ്നങ്ങള്‍ ഓര്‍മ്മവരുന്നു.ഒന്ന്) ഗാന്ധിജിയുടെ സ്വരാജ് എന്ന സ്വപ്നം രണ്ട്) കലാമിന്റെ 'വിഷന്‍ 2020' എന്ന സ്വപ്നവും.
ഇന്ത്യയെ അത്യുന്നത സംസ്കാരമുള്‍ക്കൊള്ളുന്ന ജനതയായി മാറ്റാന്‍ വെമ്പല്‍കൊള്ളുന്ന സ്വരാജ് ഒരല്പ്പം അകന്നുനില്‍ക്കുന്നെങ്കിലും കലാമിന്റെ സ്വപ്നം കൈയെത്തും ദൂരത്തുതന്നെയാണ്‌ നിലകൊള്ളുന്നത്‌.ഈ സ്വപ്നങ്ങളെ സൗകര്യപൂര്‍വ്വം മറന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്സവപറമ്പില്‍ മദിച്ചുനടക്കുമ്പോള്‍ ഉത്സവങ്ങള്‍ ഫലരഹിതമായ വിഗ്രഹാരാധനകളായി മാറ്റപ്പെടുന്നു.

ഒരു വലിയവിഭാഗം ജനതയുടെ വിഭവശേഷിയെ വികസിത ഇന്ത്യക്കായി ഒന്നിച്ചുകൂട്ടാന്‍ കഴിയുന്ന ഏകവ്യവസ്ഥിതി രാഷ്ട്രീയമാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ് നാം സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞത്‌ 'സ്വതന്ത്ര ഇന്ത്യ' എന്ന ഏകസ്വപ്നത്തിലേക്ക് ജനശക്തിയെ കേന്ദ്രീകരിക്കാനായതിനാലാണ്‌. ഇന്ന് ആരാലോ ഭരിക്കപ്പെട്ടു പോകപ്പെടുന്ന ഇന്ത്യയെ നയിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് അല്ലെങ്കില്‍ മുന്നണിക്ക് ദിശാബോധവും ക്രിയാത്മകവും സമയബന്ധിതവുമായ വികസിത ഇന്ത്യക്കായുള്ള കര്‍മ്മപദ്ധതി കൈവശമുണ്ടാകണം. നൂറുകോടിയിലധികമുള്ള ജനവിഭാഗത്തിന്‌ നടുവിലേക്ക് ഇതൊന്നുമില്ലാതെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇറങ്ങിച്ചെല്ലുന്നവര്‍ ചെയ്യുന്നത് നീതികേടാണ്‌.

ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നയാള്‍ ഇന്ത്യയിലെ ഏറ്റ്വും കരുത്തുറ്റ നേതാവാകണമെന്നാണ്‌ വിവക്ഷ. എന്നാല്‍ മന്‍മോഹനും സോണിയയും അധ്വാനിയുമെല്ലാം അപരന്റെ കഴിവുകേടുകളേക്കുറിച്ച് വാചാലമാകുന്നു. ഇന്ത്യയെ താങ്കള്‍ എങ്ങനെ നയിക്കും എന്നതിന്‌ വ്യക്തമായ ഉത്തരമില്ലാത്തവരാകരുത് നമ്മുടെ നേതാക്കള്‍. മഹത്തായ ശാസ്ത്ര, രാഷ്ട്രീയ സാംസ്കാരിക മാത്രുകകള്‍ ലോകത്തിന്‌ കാണിച്ചുകൊടുത്ത നമ്മുടെ മണ്ണിന്റെ മൂല്യങ്ങളെ ആവേശമായി പടര്‍ത്താന്‍ അവര്‍ക്കാവുന്നില്ല. മൂന്ന് രൂപയ്ക്കും രണ്ട് രൂപയ്ക്കുമെല്ലാം അരിനല്‍കി പോറ്റുന്ന ഗവണ്മെന്റില്‍ അഭിമാനമല്ല സഹതാപമാണ്‌ കാലക്രമത്തില്‍ ഇന്ത്യന്‍ ജനതയ്ക്കു തോന്നുക. ഒരു തട്ടിക്കൂട്ട് മുന്നണിക്ക് ശ്രമിക്കുന്നവര്‍ക്ക് പൊതുവായ അജണ്ടകളും ദര്‍ശനങ്ങളും
യാതൊന്നുമില്ല.പ്രാദേശികകക്ഷികള്‍ അധികാരദാഹത്തിനപ്പുറത്ത് പുരോഗതികാംക്ഷിക്കുന്ന ജനതയെ സൗകര്യപൂര്‍വം മറന്നാല്‍ ജനാധിപത്യത്തിന്റെ ദുരന്തങ്ങളിലൊന്നായി അതറിയപ്പെടും.
സങ്കുചിതനിലപാടുകള്‍ക്ക് പകരംനിര്‍ത്താന്‍ പര്യാപ്തമായ ഒരു സമഗ്രരാഷ്ട്രീയപ്രകടനപത്രികയുടെ അഭാവം 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രാഷ്ട്രീയ അലംഭാവത്തിലേക്ക് ഒരു ജനതയെ ഒട്ടാകെ തള്ളിവിടുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സോ ബി.ജെ.പി യോ ഇടതുപാര്‍ട്ടികളോ അല്ല ജയിക്കേണ്ടത്‌, ഇന്ത്യയെന്ന ഒരൊറ്റ വികാരമാണ്‌. അതിനു കാര്യക്ഷമതയുള്ള ഉപകരണങ്ങളായി രാഷ്ട്രീയകക്ഷികള്‍ മാറാത്തകാലമത്രയും 'ഏറ്റവും മികച്ച ജനാധിപത്യ രാഷ്ട്രമെന്ന' നാമധേയത്തിന്‌ ഇന്ത്യ അര്‍ഹമാകുന്നില്ല. ഇകഴ്ത്തലും പുകഴ്ത്തലുമടങ്ങുന്ന ഇന്നത്തെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ പൊളിച്ചെഴുതി ഇന്ത്യക്കൊട്ടാകെ ഉണര്‍ത്തുപാട്ടാകുന്ന മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ നിര്‍മ്മിച്ചെടുക്കണം. ജനാധിപത്യത്തെ വിമര്‍ശനാത്മകമായി സമീപിച്ച് നവീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും കഴിയണം.

ആവേശപൂര്‍വം പോളിങ് ബൂത്തിലേക്ക് ഓടിയെത്തുന്ന ഇന്ത്യന്‍ യുവത്വം ജനാധിപത്യത്തില്‍ പ്രതീക്ഷ ബാക്കിയാണെന്ന് വിളിച്ചറിയിക്കുന്നു. പ്രതീക്ഷയെ പൂവണിയിക്കെണ്ട ഭാരിച്ച ഉത്തരവാദിത്വം രാഷ്ട്രീയകക്ഷികള്‍ക്കുമാണ്‌, വളരെ പ്രത്യേകിച്ച് ദേശീയ പാര്‍ട്ടികള്‍ക്കും. അല്ലാത്തപക്ഷം നിരര്‍ത്ഥകമായ ഉത്സവങ്ങള്‍ ഇതുപോലെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

2 comments:

Anuroop Sunny said...

ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നയാള്‍ ഇന്ത്യയിലെ ഏറ്റ്വും കരുത്തുറ്റ നേതാവാകണമെന്നാണ്‌ വിവക്ഷ. എന്നാല്‍ മന്‍മോഹനും സോണിയയും അധ്വാനിയുമെല്ലാം അപരന്റെ കഴിവുകേടുകളേക്കുറിച്ച് വാചാലമാകുന്നു.സങ്കുചിതനിലപാടുകള്‍ക്ക് പകരംനിര്‍ത്താന്‍ പര്യാപ്തമായ ഒരു സമഗ്രരാഷ്ട്രീയപ്രകടനപത്രികയുടെ അഭാവം 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രാഷ്ട്രീയ അലംഭാവത്തിലേക്ക് ഒരു ജനതയെ ഒട്ടാകെ തള്ളിവിടുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സോ ബി.ജെ.പി യോ ഇടതുപാര്‍ട്ടികളോ അല്ല ജയിക്കേണ്ടത്‌, ഇന്ത്യയെന്ന ഒരൊറ്റ വികാരമാണ്‌. അതിനു കാര്യക്ഷമതയുള്ള ഉപകരണങ്ങളായി രാഷ്ട്രീയകക്ഷികള്‍ മാറാത്തകാലമത്രയും 'ഏറ്റവും മികച്ച ജനാധിപത്യ രാഷ്ട്രമെന്ന' നാമധേയത്തിന്‌ ഇന്ത്യ അര്‍ഹമാകുന്നില്ല

Unknown said...

sariyannu India oru janadipathya rajyamanu...enghilum enium kure marendiyirikkunnu....