മലയാള ഭാഷാ പണ്ഡിതനും സ്വാതന്ത്ര്യസമര പ്രവര്‍ത്തകനുമായ എന്‍.വി കൃഷ്ണവാര്യര്‍ 1942 ല്‍ 'സ്വതന്ത്രഭാരതം' എന്ന പത്രത്തിന്റെ നടത്തിപ്പിനായി ഇരിട്ടിയിലെ വനാന്തരങ്ങളില്‍ ഒളിച്ച് താമസിക്കുകയുണ്ടായി. അന്ന് ഇരിട്ടിയില്‍ താമസിച്ചതിന്റെ അനുഭവങ്ങള്‍ അദ്ദേഹം "ഇരിട്ടി കാട്ടില്‍ ഒരു രാത്രി" എന്ന ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നു. എന്‍.വി യുടെ 'മനനങ്ങള്‍ നിഗമനങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്ത ഭാഗങ്ങള്‍ :
1942 ആഗസ്റ്റില്‍ ഞാന്‍ കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ ഹൈസ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പാസ്സാക്കിയതിനെത്തുടര്‍ന്ന്, ആഗസ്റ്റ് എട്ടാം തീയതി രാത്രി മഹാത്മാഗാന്ധിയെയും മറ്റു കോണ്‍ഗ്രസ് നേതാക്കളേയും ഇന്ത്യാ ഗവണ്മെന്റ് അറസ്റ്റ് ചെയ്തു. സമരാഗ്നി ആളിക്കത്തിയിരുന്ന അക്കാലത്താണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും, ജനങ്ങളുടെ സമരവീര്യം ഉത്തേജിപ്പിക്കുന്നതിനുമായി 'സ്വതന്ത്ര ഭാരതം' എന്ന ഒരു വാരിക അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ പരേതനായ ഡൊക്ടര്‍ കെ.ബി. മേനോന്റെ നേതൃത്വത്തില്‍, മത്തായി മാഞൂരാന്‍ മുതലായവര്‍ അടങ്ങുന്ന ഒരു സംഘം തീരുമാനിക്കുന്നത്. പത്രങ്ങളുടെ മേല്‍ കര്‍ശനമായ സെന്‍സര്‍ഷിപ്പുള്ള കാലം. സര്‍ക്കാര്‍ അനുവദിക്കുന്ന വാര്‍ത്ത മാത്രമേ പത്രങ്ങളില്‍ വന്നിരുന്നുള്ളൂ. അതിനാല്‍ 'സ്വതന്ത്രഭാരതം' നിയമവിധേയമായി, പരസ്യമായി നടത്തുക സാദ്ധ്യമായിരുന്നില്ല. അതിലെ ഉള്ളടക്കം എഴുതിയുണ്ടാക്കുന്നതും, അച്ചുനിരത്തുന്നതും, അച്ചടിക്കുന്നതും, വില്‍ക്കുന്നതും, വായിക്കുന്നതും എല്ലാം പരമരഹസ്യമായി ചെയ്യേണ്ടിയിരുന്നു. ഈ പത്രം കൈയ്യില്വെച്ചു എന്ന കുറ്റത്തിന് അഞ്ചുവര്‍ഷം നീണ്ട ജയില്‍ശിക്ഷവരെ കിട്ടിയവര്‍ ഉണ്ട്. അതിന്റെ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് പോലീസിന്റെ കഠിനമായ മര്‍ദനം, ഏതു നിമിഷത്തിലും പ്രതീക്ഷിക്കാവുന്നതായിരുന്നു.
അന്ന് എര്‍ണാകുളം മഹാരാജാസ് കോളജില്‍ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന എ ചന്ദ്രഹാസന്‍ എന്നെ വിളിച്ച്, ഈ പത്രം നടത്തുന്നതില്‍ സഹായിക്കാമോ എന്ന് ചോദിച്ചു. ഏത് സാഹസകൃത്യത്തിനും തയാറായിരുന്ന എനിക്ക് ഇത് ഈശ്വരന്‍ തന്ന ഒരു അനുഗ്രഹമായി തോന്നി. ബോംബേയില്‍ നിന്ന് കേരളത്തില്‍ വന്നിരുന്ന ശ്രീ വി. എ. കേശവന്‍നായരേയാണ്, മുഖ്യമായും, ഈ ചുമതല ഏല്പ്പിച്ചിരുന്നത്. കേശവന്‍നായര്‍ അക്കാലത്ത് ബോംബേയില്‍ മാതൃഭൂമി പത്രത്തിന്‍റെ പ്രതിനിധിയായിരുന്നു. തൃശൂരില്‍ നിന്ന് കേശവന്‍നായരും ഞാനും കോഴിക്കോട്ടേക്കും, അവിടെനിന്ന് തലശേരിയിലേക്കും പോയി. തലശേരിയില്‍ റയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു മരക്കമ്പിനിയായിരുന്നു ഞങ്ങളുടെ താവളം. ഞങ്ങള്‍ കൊടുത്തിരുന്ന മാറ്റര്‍ സ്വകാര്യമായി ചിലര്‍ കമ്പോസ് ചെയ്തു. ഈ ടൈപ്പുകള്‍ ഫ്രയിമില്‍ ഇട്ടുമുറുക്കി, ചാക്കില്‍ പൊതിഞ്ഞ്, കുടകില്‍ മര്‍ക്കരയിലുള്ള ഒരു പ്രസ്സിലേക്ക് ലോറിയില്‍ അയച്ചുകൊടുത്തു. കുടകില്‍ നിന്ന് മലഞ്ചരക്കുകളുമായി തലശേരിയില്‍ എത്തി, ഒഴിഞ്ഞുമടങ്ങുന്ന ലോറികള്‍ ഇതിന് ഉപകരിച്ചു. മര്‍ക്കരയില്‍, കര്‍ണാടകയില്‍ അച്ചടി നടത്തുന്ന ഒരു പ്രസ്സില്‍ മാറ്റര്‍ അച്ചടിച്ചെടുത്തു. ബീഡിയുടെ പരസ്യം എന്നോ മറ്റോ പറഞ്ഞ് പ്രസ്സുകാരെ വിശ്വസിപ്പിച്ചാണ് ഈ പത്രം അച്ചടിച്ചെടുത്തിരുന്നത്. അവര്‍ക്കാണെങ്കില്‍ മലയാളം വായിക്കാന്‍ അരിയുമായിരുന്നില്ല. അച്ചടിച്ച പത്രം തലശേരിയില്‍ എത്തിക്കഴിഞ്ഞാല്‍, അതേറ്റെടുത്ത് പലസ്ഥലങ്ങളില്‍ എത്തിക്കേണ്ട ചുമതലയും ഞങ്ങള്‍ക്കായിരുന്നു.
തലശേരിയില്‍ നിന്ന് കുടകിലേക്ക് പോകുന്നവഴിക്കുള്ള ഇരിട്ടിയില്‍ ചെന്ന് താമസിച്ചാല്‍ ഈ പണി കൂടുതല്‍ സുരക്ഷിതമായി നടത്താമെന്ന് ചിലര്‍ ഞങ്ങളെ ഉപദേശിച്ചു. തിരുവിതാംകൂറിലെ മീനച്ചില്‍-കോട്ടയം പ്രദേശങ്ങളില്‍ നിന്ന് മലബാറിലെ വനഭൂമികളിലേക്ക് വന്തോതില്‍ കുടിയേറ്റം നടന്നിരുന്ന കാലമായിരുന്നു അത്. ഇരിട്ടിയില്‍ കല്ല്യാട് യജമാനന്റെ വക വിസ്തൃതമായ വനപ്രദേശത്ത് കുറെ ഏക്കര്‍ സ്ഥലം ഞങ്ങള്‍ക്ക് വാങ്ങിത്തരാന്‍ ഒരു മാന്യന്‍ തയാറായി. പോലീസ് അന്വേഷണം വന്നാല്‍, ഇരിട്ടിയില്‍ പാര്‍ക്കുന്നതിന് ന്യായമായ കാരണം കാണിക്കുന്നതിനായി, ഈ സ്ഥലം ഞങ്ങള്‍ക്ക് വിറ്റതായി തീറാധാരം രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹം ഒരുക്കമായിരുന്നു. വിശ്രുത ഹാസ സാഹിത്യകാരനായ സഞ്ജയന്‍ ആണ് ഇതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത്. ഞങ്ങളുടെ ശരിയായ പേരുകളില്‍ തീറാധാരം എഴുതാതെ, കേശവന്‍നായരുടെ ബോംബെയില്‍ പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ പേരില്‍ അത് എഴുതിച്ചു. ആധാരം രജിസ്റ്റര്‍ ചെയ്തില്ല. അതിനുമുമ്പ് സംഗതികള്‍ കുഴഞ്ഞു.
ഞാനും ശ്രീ കേശവന്‍നായരും ഇരിട്ടിയില്‍ ചെന്നു. ഇരിട്ടി പുഴ കടന്ന് കുറേ പോകണമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ സ്ഥലത്തേക്ക്. നിബിഡമായ വനം. അതിനുള്ളില്‍ ചെങ്കല്ലുകൊണ്ട് ഭിത്തികെട്ടി ഓടുമേഞ്ഞ ഒരു ചെറിയ ഇരുനിലപ്പുര. താഴേയും മുകളിലും ഓരോ മുറികള്‍ മാത്രം. മുറികള്‍ക്ക് ഓരോ വാതിലും ജനലും. കതകുകള്‍ ഇല്ല. താഴെനിന്ന് മുകളിലെക്ക് കയറാന്‍ ഒരു ചെറിയ മരക്കോണി. നായാട്ടുകാര്‍ക്ക് രാത്രി കഴിച്ചുകൂട്ടുവാന്‍ ഉണ്ടാക്കിയതായിരുന്നു ഈ വീട്. ഈ വീടും അതിന് ചുറ്റുമായി അഞ്ച് ഏക്കര്‍ സ്ഥലവുമാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. തിരുവിതാംകൂറില്‍നിന്നുള്ള കുറ്റിയേറ്റക്കാര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഇവിടെ താമസിക്കുകയും, മരം മുറിച്ചുവില്‍ക്കുകയും കപ്പകൃഷി ചെയ്യുകയും വേണം. അതോടൊപ്പം ടൈപ്പുകള്‍ സംഭരിച്ച് ഒരു ചെറിയ ഭൂഗര്‍ഭപ്രസ് ഉണ്ടാക്കണം. കമ്പോസ് ചെയ്ത് ടൈപ്പുകള്‍ ഫ്രെയിമില്‍ മുറുക്കി കുടകില്‍ കൊണ്ടുപോയി പത്രം അച്ചടിച്ചെടുക്കണം. അങ്ങനെ കമ്പോസിങ്ങിലുള്ള പരാശ്രയം ഒഴിവാക്കണം. ഇതിനായി ഞാന്‍ എര്‍ണാകുളത്ത് സനാതനധര്‍മം പ്രസ്സില്‍ ഏതാനും ദിവസം അപ്രന്റിസ് ആയി കമ്പോസിങ്ങും മറ്റും പഠിച്ചു.
ഞങ്ങള്‍ ഇരിട്ടിയില്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ വനഗൃഹത്തില്‍ വേറെ ഒരു കുടുംബം പാര്‍ത്തിരുന്നു. തിരുവിതാംകൂറില്‍ എവിടെയോ നിന്നു വന്നവര്‍. ഗൃഹനാഥന്‍ അമ്പതോ, അറുപതോ വയസ്സുള്ള ഒരു കാവി വസ്ത്രധാരി. അയാളുടെ ഭാര്യയായ സ്ത്രീ. അവര്‍ക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികള്‍. ഭിക്ഷാടനമാണ് പകല്‍ തൊഴില്‍. രാത്രി വീട്ടിലെത്തി താഴത്തെ മുറിയില്‍ കഞ്ഞിവെച്ചു കുടിച്ച് കിടക്കും. ഏതാനും ദിവസങ്ങള്‍ക്കകം സ്ഥലം ഒഴിഞ്ഞുതരാമെന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ മുകളിലെ മുറിയില്‍ പാര്‍പ്പാക്കി. പുഴയ്ക്ക് അക്കരെയുള്ള ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചു. അത്താഴത്തിനും പ്രാതലിനുമായി അവലും നേന്ത്രപ്പഴവും ശര്‍ക്കരയും കാപ്പിപൊടിയും മറ്റും വാങ്ങി സംഭരിച്ചു. ഇവയില്‍ പങ്കുപറ്റുവാന്‍ താഴത്തെ മുറിയിലെ കുടുംബത്തിന് ഒരു വൈഷ്യമ്യവുമുണ്ടായിരുന്നില്ല.
ഞങ്ങളുടെ വനവാസം രണ്ടുദിവസമേ ഉണ്ടായുള്ളൂ. മെര്‍ക്കരയില്‍ നിന്ന് പത്രം അടിച്ചുകിട്ടാന്‍ താമസിച്ചപ്പോള്‍ വിവരം അന്വേഷിക്കാന്‍ ഞാന്‍ അങ്ങോട്ട് പോയി. കുഞ്ഞിക്കണ്ണന്‍ എന്ന ഒരു തുന്നല്‍ക്കാരനായിരുന്നു അവിടെ ഞങ്ങളുടെ 'കോണ്ടാക്ട്'. കമ്പോസിറ്റര്‍ ശങ്കരന്‍ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തു എന്നും പ്രസ്സ് പൂട്ടി മുദ്രവെച്ചു എന്നും കുഞ്ഞിക്കണ്ണന്‍ എന്നോട് പറഞ്ഞു. ഉടന്‍ തന്നെ എന്നെ ബസ് കയറ്റി തിരികെ അയയ്ക്കുകയും ചെയ്തു. ഇരിട്ടിയില്‍ തിരിച്ചെത്തി വിവരം ഞാന്‍ പറഞ്ഞപ്പോള്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ താന്‍ ഉടനെ കോഴിക്കോട്ടേക്ക് പോകാമെന്ന് കേശവന്‍നായര്‍ നിര്‍ദ്ദേശിച്ചു. എന്നോട് കണ്ണൂരില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പറഞ്ഞു. ഞങ്ങളുടെ കിടപ്പുസാമാനങ്ങളും വസ്ത്രങ്ങളും വെപ്പുപാത്രങ്ങളും കൈവശമുണ്ടായിരുന്ന രണ്ടു പുസ്തകങ്ങളും അവിടെ വിട്ട്, താമസിയാതെ തിരിച്ചുവരാമെന്ന പ്രത്യാശയുമായി, ഞങ്ങള്‍ ഇരിട്ടിയില്‍ നിന്ന് പോന്നു.
പട്ടാമ്പിയില്‍ പ്രസിദ്ധീകരണത്തിനുള്ള തുടര്‍ക്രമീകരണങ്ങള്‍ ചെയ്തശേഷം, ഇരിട്ടിയില്‍ച്ചെന്ന് ഞങ്ങളുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ കണ്ണൂരില്‍ എനിക്ക് നിര്‍ദ്ദേശം കിട്ടി. കണ്ണൂരില്‍നിന്ന് ബസ് കയറി ഞാന്‍ ഇരിട്ടിയില്‍ എത്തിയപ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. ഇരുട്ടിലൂടെ നടന്ന് ഞാന്‍ വനമദ്ധ്യത്തിലുള്ള ഞങ്ങളുടെ താവളത്തില്‍ എത്തി. താഴത്തെ മുറിയിലെ പാര്‍പ്പുകാരെ അവിടെ കണ്ടില്ല. മുകളില്‍ കയറി നോക്കിയപ്പോള്‍, ഞങ്ങളുടെ കിടപ്പുസാമാനങ്ങളും, വസ്ത്രങ്ങളും, പാത്രങ്ങളും - എന്തിന് പുസ്തകങ്ങള്‍ക്കൂട്യും- അവര്‍ കൊണ്ടുപോയിരിക്കുന്നതായി അറിവായി.
ഇരുണ്ട രാത്രി. കൊടുംകാട്. കതകുകളില്ലാത്ത ശൂന്യഗൃഹം. ചീറിയടിക്കുന്ന തണുത്ത കാറ്റ്. അകലെ പുഴ പാറകളില്‍ തടഞ്ഞ് ഒലിക്കുന്ന ഇരമ്പം. ഇടയ്ക്കിടെ ഞാനറിയാത്ത മൃഗങ്ങളുടേയും പക്ഷികളുടേയും ശബ്ദങ്ങള്‍. സാന്ദ്രമായ ഏകാന്തത.
ഉറക്കം വരാതെ ഞാന്‍ ആ നിലത്ത് കുത്തിയിരുന്നു.പല വികാരങ്ങളായിരുന്നു മനസ്സില്‍ തീര്‍ച്ചയായും ഭയം അവയില്‍ പ്രധാനപ്പെട്ട ഒരു വികാരമായിരുന്നു.
ഞാന്‍ എന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും പറ്റി ആലോചിച്ചു. കുടുംബാംഗങ്ങളെ പറ്റി ആലോചിച്ചു. രാജ്യത്തിലെ സമകാല യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ആലോചിച്ചു. യൂറോപ്പില്‍ പൊരിഞ്ഞു നടക്കുന്ന യുദ്ധത്തെപ്പറ്റി ആലോചിച്ചു. ദക്ഷിണ പൂര്‍വേഷ്യയിലെ സംഭവവികാസങ്ങളെപ്പറ്റി ആലോചിച്ചു.
ആലോചനകളില്‍നിന്ന് രക്ഷപെടാനായി ഞാന്‍ മുമ്പ് ഉരുവിട്ട് പഠിച്ചിരുന്ന പാണിനിയുടെ അഷ്ടാദ്ധ്യായീ സൂത്രപാഠം എന്ന സംസ്കൃതവ്യാകരണത്തിന്റെ ആധാരഗ്രന്ഥം അല്പം ഉറക്കെ ആദ്യംമുതല്‍, ചൊല്ലാന്‍ തുടങ്ങി.
ആ വീടിന്റെ മൂലയോടുകള്‍ക്കിടയില്‍ കുടിപാര്‍ത്തിരുന്ന എലികള്‍ അതിന് മുമ്പും പിമ്പും അത്തരം ചില ശബ്ദങ്ങള്‍ കേട്ടിരിക്കയില്ല.
അന്നെനിക്ക് ഇരുപത്തിയാറ് വയസായിരുന്നു. ഇപ്പോള്‍ എനിക്ക് എഴുപത് വയസ് കഴിഞ്ഞിരിക്കുന്നു. നാല്പത്തിനാലു വര്‍ഷം മുമ്പ്, കാട്ടിലെ ആ രാത്രിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഇന്ന് എന്റെ മനസ്സില്‍ ഉളവാകുന്ന വികാരം എന്താണ്? ആഹ്ലാദം? പരിഹാസം? ഗൃഹാതുരത്വം? എന്തായാലും സംതൃപ്തികരമാണ് ആ വികാരം.
( 10 സെപ്റ്റംബര്‍ 1986)
1 comment:
superb.....
Post a Comment